2010, ജനുവരി 2, ശനിയാഴ്‌ച

പൊരുളറിയാതെ ഒഴുകുന്നവര്‍...

യുവത്വത്തിന്‍റെ ഊര്‍ജ്ജവും ചിന്തയും പ്രസരിപ്പുമെല്ലാം ക്രിയാത്മകമായ രീതിയില്‍ സാമൂഹികാന്തരീക്ഷതിലെക്ക് വഴിതിരിച്ചു വിടാന്‍ ശ്രമിക്കേണ്ടവര്‍ പോരുളില്ലാത്ത ആഘോഷങ്ങളിലും ആചാരങ്ങളിലും അഭിരമിച്ച് കമ്പോളത്തിന്റെ വളര്‍ത്തു മൃഗങ്ങളായി മാറിപ്പോവുമ്പോള്‍ വിസമ്മതത്തിന്റെ ധാര്‍മിക പാഠങ്ങള്‍ പഠിപ്പിക്കാന്‍ , തിരിച്ചറിവു തരാന്‍ ഇവിടെയിനി ദൈവ ദൂതന്മാര്‍ വരാനില്ല. കുത്തിയൊലിക്കുന്ന പുഴയുടെ ഒഴുക്കിന് എതിരെ ജീവനില്ലാത്ത ഒരു മരക്കഷണം ഒഴുകാറില്ല , എന്നാല്‍, തന്‍റെ വഴിയിലെത്താന്‍ ഒരു മനുഷ്യന്‍ അത് ചെയ്യാറുണ്ട് , കാരണം അവനു ജീവനുണ്ട്, അവന്‍റെതായ വഴിയുണ്ട് , ചിന്തയുണ്ട്, മനക്കരുത്തുണ്ട് , നിര്‍ണിത ധര്‍മമുണ്ട്‌ . ആദ്യത്തേതിനു ഇതൊന്നുമില്ലല്ലോ . പക്ഷെ , ഇതൊന്നുമില്ലാതെ പുഴയുടെ താളത്തില്‍ ഒഴുകുന്നത് സുഖകരവും , ഊര്‍ജ്ജവും മനക്കരുത്തും ചിന്തയും ഉപയോഗിച്ച് നീന്തുന്നത് ശ്രമകരവുമാണ്.

പുതുവത്സരം , ഫ്രണ്ട്ഷിപ്പ് ഡേ, വാലന്റൈന്‍സ് ഡേ, ബര്‍ത്ത് ഡേ തുടങ്ങിയ ആഘോഷങ്ങളില്‍ ഉല്ലസിക്കുന്നവര് സ്വയമറിയാതെ സായിപ്പിന്‍റെ പാട്ട് കേട്ട് തുള്ളുമ്പോള്‍ ഈ ഊര്‍ജ്ജം ആരാണ് ഉപയോഗപ്പെടുത്തുന്നത് ! പണമുള്ള സായിപ്പിന് വൈകുന്നേരം കുടിച്ചു കൂത്താടാന്‍
എന്നും ഒരു പെരു കിട്ടിയാല്‍ വളരെ നന്ന്. അവനു എന്നും ഹാപ്പി ഡേകള്‍ പറഞ്ഞു തകര്‍ത്താടാം . ഈ മൂന്നാം ലോക രാജ്യത്തെ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ആടാനെന്തുണ്ട് !! അവന്‍റെ സന്തോഷം ഒരു കലണ്ടര്‍ മാറുമ്പോള്‍ ഉണ്ടാകേണ്ടതല്ല , ബലൂണും തോരണവും കെട്ടി ഉണ്ടാക്കേണ്ടതും അല്ല . അവന്‍റെ ഉത്തരവാദിത്തങ്ങള്‍ ചെയ്തു തീര്‍ക്കുമ്പോള്‍ വരുന്ന സംതൃപ്തിയില്‍ നിന്നും ഉത്ഭവിക്കുന്നതാണ്.
മനുഷ്യരുടെ സന്തോഷവും ആചാരവും ആഘോഷങ്ങും എല്ലാം അവന്‍റെ ധര്‍മ്മവുമായും ചിന്തയുമായും ജീവിത ചുറ്റുപാടുമായും കെട്ടു പിണഞ്ഞു കിടക്കുന്നു. ഈ ബാന്ധവത്തെ തകര്‍ത്ത് മേല്‍പ്പറഞ്ഞ ഡേകള്‍ വന്‍ ഉത്സവങ്ങളായി നിലനിര്‍ത്തേണ്ടത് കമ്പോളത്തിന്റെ ലാഭക്കൊയ്ത്തുമായി ബന്ധപ്പെട്ട ആവശ്യമാണ്‌ . ധാര്‍മിക ബോധമുള്ളവന്റെ ആഘോഷങ്ങള്‍ക്ക് പിന്നില്‍ ഒരു പൊരുളും സന്ദേശവും ഉണ്ടാവും. ഈദ് ആഘോഷങ്ങളും കേരളീയ ആഘോഷങ്ങളും നോക്കുക - അവ സ്വയം ഉല്ലസിക്കാന്‍ ഉള്ളതല്ല . സഹജീവികള്‍ക്ക് ആഹാരമുണ്ടടെന്നു ഉറപ്പുവരുത്തിയ ശേഷം സന്തോഷിക്കാനും ആഘോഷത്തിന്റെ സന്ദേശം ഉള്‍കൊള്ളാനും ആഹ്വാനം ചെയ്യുകയാണ് ഈദ്. ദൈവാനുഗ്രഹത്താല്‍ , തന്‍റെ തോട്ടവും പാടവുമെല്ലാം തളിര്‍ത്ത് പൂത്ത് വിളവെടുപ്പിനു തയാറായി നില്‍ക്കുന്നത് കാണുമ്പോള്‍ , മണ്ണില്‍ പണിയെടുത്തവന്‍ സ്വയം അനുഭവിക്കുന്ന ആത്മീയാനുഭൂതിയുടെ സാമൂഹ്യ പ്രതിഫലനമാണ് കേരളീയന്‍റെ വിഷു. അവന്‍ വിളയിച്ച പൂക്കളും കനികളും ദൈവസങ്ങ്കല്പത്തിനു മുമ്പില്‍ കാണിക്ക വെക്കുമ്പോള്‍ ഒരു വിളവെടുപ്പിനു കൂടി ഭൂമിയെ സജ്ജമാക്കിതന്ന ദൈവത്തിനു നന്ദിപൂര്‍വമുള്ള ആദ്യ പ്രതീകാള്മക വിഹിതമാവുന്നു അത്.
പുതുവത്സര ആഘോഷങ്ങള്‍ നോക്കുക - പണമുള്ളവന് തകര്‍ത്താടാം , വേണമെങ്കില്‍ കുടിച്ചു കൂത്താടി ഉല്ലസിക്കാം, ഇല്ലാത്തവന് നാക്ക് വളച്ചു ഹപ്പിയല്ലെങ്കിലും "ഹാപ്പി ന്യൂ ഇയര്‍"' എന്ന് പറയാം. ഗ്രീടിംഗ് കാര്‍ഡുകള്‍ വാങ്ങിയില്ലെങ്കില്‍ യുവാക്കളുടെ ഇടയില്‍ പിന്തിരിപ്പന്‍ ആവുമെന്നത് കൊണ്ട് കാശില്ലെങ്കിലും വാങ്ങണം. പരസ്യങ്ങള്‍ കണ്ട് ചിരിക്കുന്ന സ്വന്തം മകന്‍ ചോദിക്കില്ലേ - ഒരു കാര്‍ഡ് പോലും വാങ്ങി തരാത്ത നിങ്ങള്‍ ഒക്കെ ഒരു അച്ഛനാണോ എന്ന് . നല്ല അച്ചനാവനമെങ്കില്‍ മക്കള്‍ക്ക് കാര്‍ഡും ന്യൂ ഇയര്‍ കേക്കും വാങ്ങി കൊടുക്കണം , നല്ല ഭര്‍ത്താവ് ആകണമെങ്കില്‍ ഭാര്യയ്ക്ക് പ്രഷര്‍ കുക്കെര്‍ വാങ്ങിക്കൊടുക്കണം, നല്ല സുഹൃത്താവനമെങ്കില്‍ ഫ്രണ്ട് ഷിപ്പ് ഡേയില്‍ ഏറ്റവും നല്ല കാര്‍ഡുകള്‍ അയക്കണം , നല്ല കാമുകനാവനമെന്കില് വാലന്റൈന്‍സ് ഡേയില്‍ കാര്‍ഡുകള്‍ അയക്കണം , പിന്നെ ഏറ്റവും നല്ല പരസ്യമുള്ള മൊബൈലോ മറ്റോ സമ്മാനമായി നല്‍കണം , തുരു തുരാ എസ്. എം. എസ്ഉകള്‍ അയക്കണം. മൊത്തത്തില്‍ കമ്പോളം പരസ്യപ്പെടുത്തുന്ന എന്തും അത് പോലെ അനുകരിച്ചാല്‍ നിങ്ങള്‍ മോഡേണ്‍ ആണെന്ന് മുദ്ര കുത്താം.

നല്ല അച്ഛനാവാന്‍ നിങ്ങളുടെ മക്കളെ സ്നേഹത്തോടെ ചുംബിക്കണം എന്ന് പറഞ്ഞു തരാന്‍ പ്രവാചകനോ മാലാഖയോ വരില്ലല്ലോ ഇനി !! കാലില്‍ പാമ്പ് കടിച്ചിട്ടും മടിയില്‍ ഉറങ്ങുന്ന സുഹൃത്തിനെ ഉണര്‍ത്താതിരുന്ന നല്ല സുഹൃത്തായ അബൂബകരിനെ നാം മറന്നു കളഞ്ഞിരിക്കുന്നു. നല്ല ശിഷ്യന്‍ ആയതു കൊണ്ട് പെരുവിരല്‍ മുറിച്ചു കൊടുത്ത ഏകലവ്യനെ ക്കുറിച്ച് നമ്മുടെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കരുത് , കാരണം സാറിന്‍റെ ബര്‍ത്ത് ഡേക്ക് ഏറ്റവും വിലയുള്ള ഗിഫ്റ്റ് കൊടുക്കുന്നവനാണ് നല്ല ശിഷ്യന്‍ . (വിലയാണല്ലോ കമ്പോളത്തിന് പ്രധാനം !)
ആരാണ് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ കമ്പോളത്തെ ഏല്പിച്ചത്?
സൌഹൃദത്തെ ഗ്രീടിംഗ് കാര്‍ഡ്കളുമായും ഐസ് ക്രീം പാര്‍ലര്‍കളുമായും , വ്യക്തിത്വതെ രൂപഭാങ്ങിയുമായും പഠനത്തെ ടെക്സ്റ്റ്‌ ബുക്കുകളുമായും സ്നേഹത്തെ വിലയുള്ള ഗിഫ്ട്ടുകളുമായും മാത്രം ബന്ധിപ്പിക്കുന്ന അരാഷ്ട്രീയ , ബൂര്‍ഷ്വാ നിര്‍വചനങ്ങളെ തച്ചു തകര്‍ത്തു കൊണ്ടേ പുതിയ യുവത്വത്തിനു സ്വത്വ ബോധത്തിലേക്ക് ഉണരാനാവൂ.
ആരാണ് കമ്പോളം ? കമ്പോളം എല്ലയിടത്തിലും ഉണ്ട്. സാനിയ മിര്‍സയെ മുട്ട് വരെ എത്താത്ത നിക്കര്‍ ഇട്ടു കളിപ്പിക്കുന്നതും താരങ്ങളെ വിലക്കെടുക്കുന്നതും കമ്പോളം തന്നെ.
നിങ്ങളുടെ കുട്ടിയോട് നിങ്ങള്‍ ജൂസ് കുടിക്കാന്‍ പറയുമ്പോള്‍ കുട്ടി പെപ്സി വേണമെന്ന് വാശി പിടിക്കുന്നു. നിങ്ങളെക്കാള്‍ നന്നായി നിങ്ങളുടെ കുട്ടിയിലേക്ക്‌ മനശാസ്ത്രപരമായി കടന്നു ചെല്ലുന്ന കമ്പോളം നിങ്ങളോട് ചോദിക്കുന്നു - മക്കളെ സ്നേഹിക്കുന്നതില്‍ പിന്നെ പെപ്സി വാങ്ങാതിരിക്കുന്നതെങ്ങനെ? അച്ഛന്റെ വാത്സല്യവും കമ്പോളത്തിന് ബിസിനെസ്സ് വളര്‍ത്താനുള്ള വഴിയാവുന്നു. ഇതാണ് കമ്പോള മനശാസ്ത്രം.
കുത്തക കമ്പനികള്‍ കൂടുതല്‍ ലാഭം കൊയ്യാന്‍ മെനയുന്ന തന്ത്രങ്ങളെയും കുതന്ത്രങ്ങളെയും ചുരുക്കത്തില്‍ കമ്പോളം എന്ന് വിളിക്കാം.
ഈ തന്ത്രങ്ങള്‍ മനശാസ്ത്ര പരവും ആളുകളെ എളുപ്പത്തില്‍ സ്വാധീനിക്കുന്നതും ആവണം എന്നതാണ് കമ്പനികളുടെ താല്‍പര്യവും നിര്‍ബന്ധവും. കമ്പനികളുടെ ലാഭക്കൊയ്ത്തിനു ഇത്തരം തന്ത്രങ്ങള്‍ ആവശ്യമാണ്‌. എന്നാല്‍ നമ്മുടെ സാമൂഹിക - ധാര്‍മിക അടിത്തറകള്‍ നിലനിര്‍ത്താന്‍ കമ്പോളത്തിന് പണയം വെക്കാത്ത തലച്ചോര്‍ നമുക്ക് വേണം.
ഭാവിയില്‍ , പാഠപുസ്തകങ്ങളില്‍ വരെ കമ്പോളം കടന്നു വന്നേക്കാം. ശീതള പാനീയങ്ങളെ ക്കുറിച്ചുള്ള പാഠത്തില്‍ "പെപ്സിയില്‍ വിഷാംശം ഇല്ലെന്നു പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു " എന്ന വാചകവും വന്നേക്കാം. അന്ന് നമുക്ക് തിരിച്ചറിവ് ഉണ്ടാവാന്‍ പണയപ്പെടുത്താത്ത തലച്ചോറ് ബാക്കിയാവണം. കുഞ്ഞു മനസ്സുകളില്‍ കോണ്‍സെപ്റ്റ് സെട്ടിങ്ങിനു ഏറ്റവും നല്ല മാര്‍ഗം പാഠപുസ്തകങ്ങളില്‍ കയരിക്കൂടുക എന്നതാണല്ലോ . രാഷ്ട്രീയ -വര്‍ഗീയ- കമ്പോള ആശയങ്ങള്‍ പാഠ പുസ്തകങ്ങളില്‍ കയറിക്കൂടുന്ന കാലം വിദൂരമല്ല . നമ്മുടെ ചരിത്ര പുസ്തകങ്ങളിലെ വക്രതകളും ന്യൂനതകളും നമുക്കറിയാമല്ലോ.

മൊബൈലില്‍ ഇഷ്ട ഡയലര്‍ ടോണ്‍ ലഭിക്കാത്തതും ഫ്രണ്ട്ഷിപ്പ് ഡേയില്‍ മൊബൈല്‍ കേടായതും ഒക്കെയാണ് ഇന്നത്തെ ക്യാമ്പസ്‌ വിദ്യാര്‍ഥികളുടെ ഉറക്കം കെടുത്തുന്നത്. വെടിയേറ്റ് പിടയുന്ന ഇറാഖീ ബാലന്മാരുടെ നിലവിളിയെക്കാള്‍ അവനെ ആലോസരപ്പെടുത്തുന്നത് സച്ചിന്‍റെ കൈ വിരലിലെ പരിക്കാണ്. കാമ്പസില്‍ കാമ്പുള്ള ചിന്തകളും സാമൂഹ്യ വിഷയങ്ങളും കടന്നു വരരുതെന്നാണ് സാമ്രാജ്യത്വ അജണ്ടയുള്ള ദ്രിശ്യ -ശ്രാവ്യ മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത്. അവര്‍ പൈങ്കിളിപ്പാട്ടുകളിലും കമ്പ്യൂട്ടര്‍ ഗയിമുകളിലും ചാനലുകളിലെ ഇക്കിളി ചര്‍ച്ചകളിലും പ്രോഗ്രാമുകളിലും മയങ്ങി ഏതോ കാല്‍പനിക ലോകത്തെ ചോക്ലേറ്റ് കാമുകന്മാരായി അലഞ്ഞു തിരിയണം എന്ന് ചാനലുകള്‍ വിധിക്കുന്നു. യുവാക്കളെ നിങ്ങള്‍ക്ക് എത്ര ഗേള്‍ ഫ്രണ്ട്സ് ഉണ്ടെന്നു ചാനലുകള്‍ ചോദിക്കുന്നു - പ്രണയം എന്തെന്ന് അറിയാത്ത നമ്മുടെ കാമ്പസ് ജീവികള്‍ ഗേള്‍ ഫ്രാണ്ട്സിനെയും ബോയ്‌ ഫ്രാണ്ട്സിനെയും തേടി അലയുന്നു. നമ്മുടെ ചാനലുകള്‍ക്ക് ആക്ഷന്‍ പ്ലാനും ബിസിനെസ്സ് തന്ത്രങ്ങളും പഠിപ്പിക്കുന്നത് കോളോണിയല്‍ കുതന്ത്രങ്ങളുടെ പ്രയോക്താക്കളായ കുത്തക മാധ്യമ കമ്പനികളാണ്. അവര്‍ യുവാക്കളെ ശങ്ടീകരിച് ഉപഭോഗ സംസ്കാരത്തിന്റെ വിഡ്ഢി ക്കോമരങ്ങലാക്കുന്നു, സാമ്രാജ്യത്വ അജണ്ടകള്‍ക്കായി പരുവപ്പെടുകയാണവര്‍ .

പ്രണയം എന്ന അമൂര്‍ത്തമായ അനുഭവത്തെ ഐസ് ക്രീം പാര്‍ലര്‍കളിലും പാര്‍ക്കിലും തിരയുന്ന ചിന്തയില്ലാത്ത കാമ്പസിന് സാമ്രാജ്യത്വ കുതന്ത്രങ്ങളും ഫലസ്തീനും കാഷ്മീരുമെല്ലാം കേവലം ബുദ്ദിജീവി വരട്ടു ചര്‍ച്ചകള്‍ മാത്രമാവുന്നു. ദീനിനെ പ്രണയിക്കുന്നവനേ ദീനിനു വേണ്ടി ശഹീദാവാന്‍ കഴിയൂ. രാഷ്ട്രത്തെയും ജനങ്ങളെയും പ്രണയിക്കുന്നവന് മാത്രമേ രാഷ്ട്രത്തിന് വേണ്ടി രക്ത സാക്ഷിയാവാന്‍ കഴിയൂ. അറിവിനെയും അക്ഷരങ്ങളെയും പ്രണയിക്കുന്നവനേ നല്ല വിദ്യാര്‍ത്തിയാവാന്‍ കഴിയൂ. പൂവിനെ പ്രണയിക്കുന്നവനേ പൂന്തോട്ടാത്തിന്‍റെ ഭംഗി ആസ്വദിക്കാന്‍ കഴിയൂ . പൂവ് നമ്മെ പ്രണയിക്കുന്നതും നമുക്ക് വേണ്ടി ചിരിക്കുന്നതും പൂവിന്‍റെ നെറുകയിലെ സൌന്ദര്യം മനുഷ്യന് ആനന്ദമാവുമ്പോള്‍ പൂവ് പ്രണയ സാഫല്യ മനുഭവിക്കുന്നതും നാം അറിയാത്തത് നമുക്ക് / നമ്മുടെ ക്യാമ്പസുകള്‍ക്ക് പ്രണയം എന്തെന്ന് അറിയാത്തത് കൊണ്ടാവാം. അപ്പോള്‍ പ്രണയം കളങ്ക മില്ലാത്ത ആത്മീയ ബാന്ധവവും സമര്‍പ്പണവുമാണ്.

(തുടരും)