2017, മേയ് 12, വെള്ളിയാഴ്‌ച

വേരുവഴികൾ...

വേരുകൾ
മണ്ണിനടിയിൽ
എങ്ങോട്ട് പോയാലും
ഏത് ദിശയിലേക്ക് വളർന്നാലും
ഏതുറവയിൽ ചെന്ന്  
ജലമൂറ്റിയാലും
നമുക്ക് പരിഭവമില്ല...
വേരുകളാരോടും
പരിഭവം പറയാറുമില്ല.. 

അപഥ സഞ്ചാരമെന്നോ
സൂഫീ സഞ്ചാരമെന്നോ
പറയാവുന്ന വിധം
അതങ്ങനെ
നിഗൂഢ യാത്രകളിലാവും
യൗഗികമായ മൺവഴികളിൽ
ഹൃദയം ചേർത്ത്
പടരുകയാവും...

ചില്ലകളെ കുറിച്ച്,
ഇലകളെ കുറിച്ച്
നമുക്കെന്തോരം ആധികളാണ്.
അയൽ വീട്ടിലേക്ക് വളരുന്നത്
അയൽ മരത്തെ തൊടുന്നത്,
ഉമ്മറ മുറ്റത്തേക്ക്
ഇല പൊഴിക്കുന്നത്
പുരപ്പുറത്തേക്ക് ചായുന്നത്
അങ്ങനെ അങ്ങനെ ...
പൂക്കളെ കുറിച്ചും കായ്കളെ  കുറിച്ചും
അങ്ങനെ പലതുണ്ട്
പ്രതീക്ഷകൾ, പരിഭവങ്ങൾ..
അപ്പോഴും,
വേരുകൾ പുറം മോടികൾക്കപ്പുറത്തെ
ആത്മീയതയെ പുൽകുകയാവും..
നിയോഗങ്ങളിലേക്ക്
തുഴഞ്ഞു പാടുകയാവും. 

വേരുകൾ കിനാവിൽ നെയ്‌ത് 
പറത്തിവിടുന്ന ശലഭങ്ങളാണ് 
ചില്ലകളിൽ 
പൂക്കളായ് വിടരുന്നത്

2017, ഏപ്രിൽ 30, ഞായറാഴ്‌ച

നിഴൽ സ്പന്ദനങ്ങൾ

ആഘോഷാരവങ്ങളുടെ ട്രാക്കിലൂടെ
നീ പാഞ്ഞു പോകുമ്പോൾ
കാത്തിരിപ്പിന്റെ പ്ലാറ്റ്ഫോമിൽ 
ഞാൻ വീണ്ടും തനിച്ചാവുകയാണ്.
തീവണ്ടി
നൈമിഷികതകൾ നിറച്ച ജീവിതത്തെ
വഹിച്ചു പായുമ്പോൾ
മണ്ണിലലിഞ്ഞു പോയവരുടെ
ഹൃദയങ്ങളോട് ചേർന്ന് കിടന്നിപ്പോഴും
മൗനിയായി സ്പന്ദിക്കുന്നു പാളങ്ങൾ.
തീവണ്ടിയലർച്ചയും
ബഹളക്കാഴ്ചകളുമില്ലാത്ത രാത്രികളിൽ
എവിടെയും അടയാളപ്പെടാതെ പോയവരുടെ
എത്ര നെടുവീർപ്പുകളെയാണ്
അനന്തതയിലേക്ക് ചൂണ്ടുന്ന പാളങ്ങൾ
നെഞ്ചിലൊതുക്കുന്നത്!
രണ്ടു മഹാ മൗനങ്ങൾക്കിടയിലെ
വെറും കൂകലും കുറുകലുമായി
അടർന്ന് അമർന്നു പോയവരുടെ
വിയർപ്പിൻ ഭൂപടങ്ങളിൽ
ഏതിരുളിലും ഉറങ്ങാതിരുന്ന്
വീർപ്പുമുട്ടുകയാണ് പാളങ്ങൾ.
പറഞ്ഞു തീരാത്ത കഥകളവസാനിപ്പിച്ച്
പാളങ്ങളുടെ മടിയിൽ
തല ചായ്ച്ചുറങ്ങിപ്പോയവർ
ചങ്കിലെ ചോര കൊണ്ടെഴുതി വെച്ച
കവിതകളിലേക്കാണ് ആഘോഷങ്ങളുടെ
വിസർജ്യം വീഴുന്നത്.
അല്ലെങ്കിലും,
വേരുകൾക്കിടയിൽ ബന്ധിതനാകുന്ന
നോക്കുകുത്തിയുടെ നിസ്സഹായ രോഷങ്ങൾ
അസ്വസ്ഥതയുടെ ആകാശങ്ങളിലേക്ക്
ആവിയായ്പ്പോവുകയല്ലാതെ
ഒരു ഭാഷയിലേക്കും പിറക്കുന്നില്ലല്ലോ...
കനത്തു കനത്തു പെയ്യുന്ന,
ആത്മാക്കളുടെ ധ്വനി നിലക്കാത്ത സംഗീതത്തിൽ
നേർത്ത് നേർത്ത് ചില
മിടിപ്പുകൾ മാത്രമാവുകയാണ് ഞാൻ.
കാഴ്ച്ചകൾക്കപ്പുറത്ത് ആഴങ്ങളിലുണ്ട്
ചോര വറ്റിയ ഉടലുകളിലെ
തീ നിറച്ച കൈ ഞരമ്പുകൾ...
നീല വാനിലേക്ക് നക്ഷത്രങ്ങളായ്
ഉയർന്നു പോയ കണ്ണുകൾ ...
കവർച്ചക്കാരില്ലാത്ത തെരുവുകൾ, കാടുകൾ,
പറന്നു തളരാത്ത ചിറകുകൾ…

വീണ്ടുമൊരു തീവണ്ടിക്കൂകലിൽ
പ്ലാറ്റ്ഫോമും പാളങ്ങളും
ഉന്മാദിയാകും വരെ
ഞാനും
ഒരു യോഗീ സന്നിധിയിലെന്ന പോലെ
ശൂന്യതയെ വായിക്കുന്നു..
ഒന്നു ചെവിയോർത്താൽ കേൾക്കാം
എത്ര ചക്രങ്ങൾ കയറിയിറങ്ങിയാലും
പരിഭവിക്കാത്ത പാളങ്ങളുടെ
അടക്കിപ്പിടിച്ച കിതപ്പുകൾ.

പൊരുൾ

മെഴുകുതിരിത്തീയിൽ 
കെണിയൊരുക്കിയതറിയാതെയല്ല;
വെളിച്ചത്തിന്റെ അകപ്പൊരുളിൽ 
വെന്തുരുകി,
ചുമലിലൊരു 
കുഞ്ഞു തീപ്പന്തമെങ്കിലും
വഹിച്ചൊരു മിന്നാമിനുങ്ങായി 
പുതു നിയോഗങ്ങൾക്കായി
പുതു മഴയോടൊപ്പം
പുനർജനിക്കുവാൻ
അഗ്നിസ്നാനം ചെയ്തതാണവർ 
മഴപ്പാറ്റകൾ ...

വേര്

ഊട്ടി വളര്‍ത്തിയ
പൂവിനെ കാണാന്‍ വേരിന്
എത്ര കാലം കാത്തിരിക്കണം!
പൂവിന്‍റെ കൊഞ്ചല്‍ കേട്ട്
കുസൃതി ചിരി കേട്ട്
മണ്ണിനടിയില്‍
വേരിന്‍റെ ഹൃദയം തുളുമ്പുകയാവാം

ശിഖരങ്ങളിൽ നിന്നടർന്ന് വാടി
മണ്ണിൽ വീണലിഞ്ഞാലും 
ഒരു തുടിപ്പെങ്കിലും ബാക്കിയാവും
ഓരോ പൂവിലും ഇലയിലും

വേരിനെ ചുംബിക്കുവോളം 

വീട്

പാതി കെട്ടിയ 
മണ്ചുമരുകൾക്കിടയിൽ നിന്ന്, 
പണി തീരാത്തതിനെ ക്കുറിച്ച് 
പണം തികയാത്തതിനെ ക്കുറിച്ച് 
മോടി പോരാത്തതിനെ ക്കുറിച്ച്
കലഹിച്ചു കൊണ്ടേയിരുന്നു ഞങ്ങൾ.

ഒടുവിലെപ്പൊഴോ 
പ്രണയ പൂർവ്വം 
ഞങ്ങളൊരുമിച്ചിരുന്ന് കൈകോർത്ത നാൾ 
ഒരു പൂമരം ചാഞ്ഞു വീണ്
മേൽക്കൂരയായി.
അതിനു വീടെന്ന് പേരായി.

മഴനൂൽ നക്ഷത്രങ്ങൾ..

ആകാശം വിട്ടു പോരുമ്പോൾ
ഓരോ മഴത്തുള്ളിയും
ആരുമറിയാതെ
കൈക്കുള്ളിൽ
ഒളിച്ചു കടത്താറുണ്ട് 
ഓരോ നക്ഷത്രങ്ങളെ
എത്ര കരുതലോടെ
ഒളിച്ചു പിടിച്ചാലും
ഒരു മിന്നലായ് വെളിപ്പെട്ടു പോകും
ചിലപ്പോൾ..
ഒന്നു മണ്ണിനെ, പച്ചപ്പിനെ,
കെട്ടിപ്പിടിച്ചുറങ്ങാൻ കൊതിച്ച്
നക്ഷത്രങ്ങളും പതുങ്ങിയിരിക്കും
പിന്നെ,
ശലഭങ്ങളുടെ പാട്ടിലേക്ക്
പച്ചപ്പിൻ വേരുകളിലേക്ക്
മണ്ണിന്റെ വിഷാദങ്ങളിലേക്ക്,
മരിച്ചവരുടെ ധ്യാന സങ്കേതങ്ങളിലേക്ക്
ഊർന്നിറങ്ങി
ഭൂമിയുടെ ഉപ്പുരസങ്ങളറിയും
അങ്ങനെ,
മണ്ണിലലിഞ്ഞലിഞ്ഞ്
നോവും നനവുമറിഞ്ഞ്
നിറം മങ്ങിയ നക്ഷത്രങ്ങളാണ്
ഓരോ പുതുമഴയിലും
ജ്ഞാനികളായ
മഴപ്പാറ്റകളായി
വിണ്ണിലേക്ക്
തിരിച്ചു പറക്കുന്നത്

അതിരടയാളങ്ങൾക്കപ്പുറം..

ഒറ്റക്കത്തലിൽ
ഒറ്റക്കയറിൽ 
പൊടുന്നനെ തീർന്നു പോയവരുടെ 
കൂടാരങ്ങളിൽ നിന്ന് 
തീപ്പന്തങ്ങളുമായി ചിതറി വരുന്നുണ്ട് 
നിങ്ങൾ തല്ലിക്കെടുത്തിയ
കുലചിഹ്നങ്ങളില്ലാത്ത   നിലവിളികൾ..
ഉന്മത്തമായ കുളമ്പടികളിൽ 
ഞെരിഞ്ഞമർന്നു പോയ കാലൊച്ചകൾ 

ആത്മാക്കളുടെ ബഹുവേഷങ്ങളിൽ
തലച്ചോറുകൾ എരിഞ്ഞു പോയിട്ടില്ലാത്തല്ലാത്തവരുടെ 
വഴികളിലൂടെ,  
അധികാരത്തിന്റെ പങ്കുവെപ്പിടങ്ങളിലേക്ക്,  
കുതന്ത്രങ്ങൾ മെനയാൻ നിങ്ങൾ പണിത 
വാഴ്ത്തപ്പെട്ട മന്ദിരങ്ങളിലേക്കെത്തും  
കത്തുന്ന കരൾ തുടിപ്പുകൾ 

ഉടലുകളിൽ നിന്ന് 
പാതി വെന്ത പച്ച മാംസങ്ങൾ ഊരിയെടുത്ത് 
നിങ്ങളോടവർ   നീതിയന്വേഷിക്കും..  
നിയമ പുസ്തകങ്ങളിലേക്കവർ 
ഇനിയും കത്തിത്തീരാത്ത
കറുത്ത  കണ്ണുകൾ പറിച്ചെറിഞ്ഞു തരും
വീഞ്ഞു പാത്രങ്ങളിലവർ 
ഹൃദയ രക്തം നിറച്ചു വെക്കും

പരിഷ്ക്കാരപ്പട്ടമുള്ള ഉടുപ്പുകളിലേക്കവർ
ചങ്ക് പൊള്ളിക്കരയുമ്പോൾ, 
ഉയിരടർന്നു പോകുമ്പോൾ
ഊർന്നു പോയ അമേദ്ധ്യങ്ങളെറിഞ്ഞു തരും

ജീവനുള്ള വന്യ ജഡങ്ങളുടെ 
കൂടാരങ്ങൾക്ക് തീയിട്ടവർ 
മനുഷ്യനെന്ന വാക്കിനെ അഗ്നി ശുദ്ദി വരുത്തും

വാക്കിലും
വരയിലുമൊതുങ്ങാത്ത
അവർണ ജീവിതങ്ങളിൽ നിന്ന് 
പല കാലങ്ങളിലെ വരപ്പിഴകളുടെ,
നാൾ ദോഷങ്ങളുടെ 
ചിതൽ ചിത്രങ്ങൾ അടർന്നു വീഴും..

ഒടുവിൽ,
അതിരടയാളങ്ങൾ കത്തിത്തീരുമ്പോൾ 
തെരുവിന്റെ മുറിവുകളിലേക്ക് 
ചാറി വീഴുന്ന മഴയിൽ
നമ്മുടെ കുഞ്ഞുങ്ങൾ  ഉല്ലസിക്കുന്നുണ്ടാവും...