2012, മേയ് 18, വെള്ളിയാഴ്‌ച

പ്രവാസത്തെ അടയാളപ്പെടുത്തുമ്പോള്‍ ...


ഓരോ വ്യക്തിയുടെയും ആത്മാവിഷ്കാരങ്ങളില്‍ അവന്റെ അനുഭവ പരിസരങ്ങളിലെ സ്പന്ദനങ്ങള്‍ ഉള്‍ച്ചെര്‍ന്നിരിക്കുമെന്നത് തികച്ചും സ്വാഭാവികമാണ്.
നാടിന്‍റെ തുടിപ്പുകള്‍ ഉള്ളില്‍ സൂക്ഷിച്ചു കൊണ്ടും പറിച്ചു നടപ്പെട്ട മറ്റൊരിടത്തില്‍ പൂര്‍ണമായും വേരൂന്നി നില്ക്കാനുറക്കാതെയും ഒരു മൂന്നാമിടത്തില്‍ ജീവിക്കുന്ന പ്രവാസിയുടെ ആവിഷ്ക്കാരങ്ങളിലും അവന്റെതായ അടയാളപ്പെടുത്തലുകളും അസ്വസ്ഥതകളും പ്രതീക്ഷകളുമെല്ലാം വായിച്ചെടുക്കാം. അകന്നിരിക്കുമ്പോള്‍ ‍ നാടിന്‍റെ സ്പന്ദനങ്ങളെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കാനാവുന്നത് കൊണ്ടോ ഗ്രിഹാതുരതയുടെ നനവ്‌ നമ്മുടെ ജീവിത വീക്ഷണങ്ങളെ പലരീതിയില്‍ സ്വാധീനിക്കുന്നത് കൊണ്ടോ പ്രവാസ ലോകത്ത് നിന്ന് സ്വന്തം നാടിനെക്കുറിച്ചും പ്രവാസാനുഭവങ്ങളെക്കുറിച്ചുമൊക്കെ സൌന്ദര്യാത്മകവും മൌലികവും തീക്ഷ്ണവുമായ ആവിഷ്ക്കാരങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്.
മലയാളികള്‍ക്ക് മികച്ച വായനാനുഭവങ്ങള്‍ സമ്മാനിച്ച എഴുത്തുകാരായ എം. മുകുന്തനും ഓ.വി. വിജയനും സക്കറിയയുമെല്ലാം അറുപതു - എഴുപതുകളില്‍ മുംബൈ, ദല്‍ഹി പോലുള്ള ദേശങ്ങളില്‍ പ്രവാസം അനുഭവിച്ചവരാണെന്നു കാണാം. വേര്‍പാട് ചില തിരിച്ചറിയലുകള്ക്ക് നിമിത്തമാവുന്നുവെന്നത് ജിബ്രാന്റെയും മറ്റും കവിതകളിലെ വരികളിലൂടെ മാത്രമല്ല അനുഭവങ്ങളിലൂടെയും വായിച്ചെടുക്കാന്‍ കഴിയുമ്പോള്‍ താന്‍ പിരിഞ്ഞു പോന്ന സാമൂഹ്യ പരിസരങ്ങളിലെയും ബന്ധങ്ങളിലെയും നാട്ടു വഴികളിലെയുമെല്ലാം സൗന്ദര്യവും ഊഷ്മളതയും ഒപ്പം മുറിവുകളുമൊക്കെ മറ്റൊരു തലത്തില്‍ നിന്നു കൊണ്ട് പ്രവാസിക്ക് ഉള്‍ക്കൊള്ളാനാവുന്നു. ബാല്യത്തില്‍ നിന്നു കൌമാരത്തിലേക്കും യൌവനത്തിലെക്കും വാര്ധക്യത്തിലെക്കും സഞ്ചരിക്കുന്ന, ഒരു ആന്തരിക പാലായനത്തെ ഉള്‍ക്കൊള്ളുന്ന മനുഷ്യന്‍, നടന്നു വന്ന അനുഭവ വഴികളിലേക്ക് ഒരു കുഞ്ഞു ബാലനായി തിരിച്ചു ചെല്ലാന്‍ കൊതിക്കാറുണ്ട്. ഈ ഗൃഹാതുര ഭാവത്തെ ഉണര്ത്തിക്കൊണ്ടാണല്ലോ "ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ ത്തിരുമുറ്റത്തെത്തുവാന്‍" എന്ന് കവി ഓ. എന്‍. വി. പാടുന്നത്. ഇത്തരം നൊസ്റ്റാള്‍ജിക് ഭാവത്തെയും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന പരിഭവങ്ങളെയും സംഖര്‍ഷങ്ങളെയും പൊരുത്തപ്പെടലുകളെയുമൊക്കെയാണ് ഗള്‍ഫ്‌ പ്രവാസികളുടെ ആവിഷ്ക്കാരങ്ങള്‍ കാതലായും ഉള്‍ക്കൊള്ളുന്നത്.  ( ഒരു തിരിച്ചുവരവിന്‍റെ സാധ്യതയെ എപ്പോഴും കണക്കുകൂട്ടിക്കൊണ്ട് തന്നെയാണ് ഗള്‍ഫ് നാടുകളിലേക്ക് ചേക്കേറുന്നവര്‍ മണല്‍ നാടിനെ ഇടത്താവളമാക്കുന്നതെന്നതിനാല്‍ ഗള്‍ഫുകാരനെ ഉള്‍കൊള്ളുന്ന പദം "പ്രവാസി" ആണോ "ഗര്‍ഷോം" ആണോ എന്ന ചോദ്യം ഉയര്‍ന്നു വരാറുണ്ട് ) 
 
യഥാര്‍ഥത്തില്‍, സ്വാഭാവികവും വിശാലവുമായ ഒരു സ്വദേശാന്തരീക്ഷത്തില്‍ നിന്നും പൊതുവേ യാന്ത്രികമായ ഒരു സാഹചര്യത്തിലേക്ക് പറിച്ചു നടപ്പെടുകയാണ് ഗള്‍ഫ്‌ നാടുകളിലെ പ്രവാസികള്‍ എന്നതിനാല്‍ അവന്റെ സ്വാഭാവികമായ സ്വയം പ്രകാശനങ്ങള്‍ സാധ്യമാവുന്ന ഇടങ്ങളും ഇടപടല്‍ പരിസരങ്ങളും വിരളമാവുകയും പരിമിതികളില്‍ അവന്‍ അസ്വസ്ഥനാവുകയും ചെയ്യുന്നുവെന്നതൊരു  യാഥാര്‍ത്ത്യമാണ്.  ശരി. സാമൂഹ്യ-രാഷ്ട്രീയ വര്‍ത്തമാനങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും പ്രാരാബ്ദക്കഥകളുമെല്ലാം സ്വതന്ത്രമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്ന നാട്ടിലെ പീടിക ക്കോലായകളും ഒരു കൂക്കി വിളിയായെങ്കിലും നമ്മുടെ പ്രതിഷേധങ്ങളെ അടയാളപ്പെടുത്തിയിരുന്ന തെരുവീഥികളും സഹവര്‍ത്തിത്തത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്‍റെയും പ്രതലങ്ങളായിരുന്ന കല്യാണ വീടുകളും മരണവീടുകളും കുടുംബ സദസ്സുകളും ഊഷ്മളമായ സൌഹൃദത്തെ ഊട്ടിയിരുന്ന മൈതാനങ്ങളും ഉത്സവപ്പറമ്പുകളും അങ്ങാടിക്കവലകളും മറ്റ് ഇടപെടല്‍ പരിസരങ്ങളുമെല്ലാം അനിവാര്യമായ നഷ്ട്ടങ്ങളില്‍ ചിലതായി കരുതുന്നവരാണ്  മിക്ക ഗള്‍ഫ്‌ പ്രവാസികളും.  നമ്മളിലെ പ്രതികരണ - സംവേദന രീതികളെയും ശീലങ്ങളെയുമൊക്കെ പരുവപ്പെടുത്തിയെടുത്ത ഒരു സാമൂഹ്യാന്തരീക്ഷത്തെ വിട്ടു ‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ഇടത്തില്‍, ഒരു സാമൂഹ്യ ജീവിയുടെ എല്ലാ ഉള്‍തുടിപ്പുകളും പേറിക്കൊണ്ടു തന്നെ അല്പം ഇടുങ്ങി സഞ്ചരിക്കേണ്ടി വരുന്ന ഓരോ പ്രവാസിയും ഒരു സ്വയം തുറന്നുവിടലിന്റെ സുഖം ആഗ്രഹിക്കുന്നുണ്ട്. അപ്പോള്‍, സാധ്യമായ  പൊരുത്തപ്പെടലുകളെ ഉറപ്പുവരുത്തിക്കൊണ്ട് തന്നെ, തന്‍റെ യാത്രയെ അര്‍ത്ഥപൂര്‍ണമാക്കാനും  നിയോഗത്തോട് നീതിപുലര്‍ത്താനും കഴിയുന്ന തരത്തില്‍ സ്വയം ഉണരാനും ഉണര്‍ത്താനും തയ്യാറായിക്കൊണ്ട് തന്നെയാണ്  പ്രവാസത്തെ വിലയിരുത്തേണ്ടത്. ബ്ലോഗെഴുത്തും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ ഓണലൈന്‍ കൂട്ടായ്മകളും ഇ-മാഗസിനുകളുമെല്ലാം സജീവമാവുകയും എഴുത്തും പ്രസാധനവും വായനയുമെല്ലാം കൂടുതല്‍ സുതാര്യവും ജനാതിപത്യപരവുമാവുകയും ചെയ്തതോടെ കൂടുതലും പ്രവാസികളാണ് ഇത്തരം ഇടങ്ങളെ ആത്മാവിഷ്കാരത്തിന്റെ തുറസ്സായ പ്രതലങ്ങളാക്കി മാറ്റിയത്.  പ്രവാസിയുടെ മിക്ക എഴുത്തുകളും ദ്രിശ്യാവിഷ്കാരങ്ങളുമൊക്കെ ഈ നഷ്ട്ടങ്ങളെയും പരിമിതികളേയും പ്രതിഫലിപ്പിക്കുന്നവയയാണെങ്കിലും പ്രവാസാനുഭവങ്ങളുടെ പൂര്‍ണമായ നേര്‍ക്കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന സൃഷ്ട്ടികള്‍ ചുരുക്കമാണെന്നു പറയാം.

ആദ്യകാലങ്ങളില്‍, കടല് കടന്നു മറ്റൊരു രാജ്യത്ത് ജോലി തേടിപ്പോകുമ്പോള്‍ മനസ്സിലുയരുന്ന ആശങ്കകളും ‍അനിശ്ചിതത്വവും എല്ലാം ഉള്ളിലൊതുക്കി പ്രാരാബ്ദങ്ങള്‍ക്കറുതി വരുത്താന്‍ തീരുമാനിച്ചിറങ്ങിയവന്റെ വിരഹ വേദനകളും അസ്വസ്ഥതകളും എല്ലാം ഗള്‍ഫ് പ്രവാസിയുടെ കത്തുകളില്‍ മാത്രമായിരുന്നുവെങ്കില്‍ പിന്നീടത്‌ കത്ത് പാട്ടുകളിലും കവിതകളിലും കഥകളിലും ടെലിഫിലിമുകളിലും സിനിമകളിലുമെല്ലാം ആവിഷ്കരിക്കപ്പെട്ടു. എസ്. എ. ജമീലിന്റെ ദുബായ് കത്ത് പാട്ടുകള്‍ കടലിനക്കരെയും ഇക്കരെയും ഉള്ള വൈകാരിക സമ്മര്‍ദ്ദങ്ങളെ തീവ്രതയോടെ പകര്‍ത്തുകയുണ്ടായി.
അത്തറു പൂശി മിനുങ്ങി വരുന്ന പട്ടു കുപ്പായക്കാരന്റെ ചിത്രം മാത്രം ഗള്‍ഫുകാരനെന്ന വാക്കിനോട് ചേര്‍ത്തു വെച്ചിരുന്ന സ്വദേശത്തെ പലര്‍ക്കും ഒരു പക്ഷെ ഇത്തരം ആവിഷ്കാരങ്ങളിലൂടെ അവരുടെ പച്ചയായ ജീവിതത്തെ ഉള്‍ക്കൊള്ലാന്‍ സാധിച്ചിട്ടുണ്ടാകാം.
പ്രാരാബ്ദങ്ങളും പട്ടിണിയുമില്ലാത്ത നാളുകളെ സൃഷ്ട്ടിച്ചെടുക്കാനായിരുന്നു ആദ്യകാലങ്ങളില് മലയാളികള്‍ മരുഭൂമിയിലെ പ്രവാസം തിരഞ്ഞെടുത്തതെങ്കില്‍ പിന്നീട് മിക്കവര്‍ക്കുമത് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ളതായി.വ്യാകുലതകളുടെയും അന്യനാട്ടിലെ ദുരിതങ്ങളുടെയും ഒറ്റപ്പെടലിന്റെയും കഥകള്‍ വീണ്ടും ആവിഷ്കരിക്കപ്പെട്ടു കൊണ്ടിരുന്നു. 
 
ഗള്‍ഫുകാരെ ക്കുറിച്ചുള്ള വര്‍ത്തമാനമെന്നാല്‍ ഒന്നുകില്‍ വിരഹ ദുഖത്തില്‍ സ്വയമുരുകി ജീവിതം ഭദ്രമാക്കാന്‍ അലയുകയും ഒടുവില്‍ രോഗാതുരനായി തിരിച്ചു വരികയും ചെയ്യുന്നവന്റെ കഥയോ അല്ലെങ്കില്‍ അറബി മുതലാളികളെ വശത്താക്കി പൊന്നും പണവും സമ്പാദിച്ചു നാട്ടില്‍ മാളിക പണിയുന്നവന്റെ കഥയോ ആണെന്ന രീതിയില്‍ രണ്ടു കരകളില്‍ നിന്നും രണ്ടു തരത്തിലുള്ള സാമാന്യവല്‍ക്കരണമാണുണ്ടായത്‌. പ്രവാസികളെ ക്കുറിച്ചുള്ള നാട്ടെഴുത്തുകളില്‍ ഗള്‍ഫുകാരന്റെ പൊങ്ങച്ച പ്രകടനങ്ങളും പ്രവാസിയുടെ സ്വന്തം എഴുത്തുകളില്‍ അവന്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന പരിഭവങ്ങളുമാണ്‌ നിഴലിച്ചു നിന്നത്.
പലപ്പോഴും പറഞ്ഞ് തീരാത്ത പരിഭവങ്ങളുടെ ഭാരം ചുമന്നു നടക്കേണ്ടവനാണ് പ്രവാസിയെന്നു നിര്‍വചിക്കപ്പെട്ടു പോകുംവിധത്തിലുള്ള ചെറു ദ്രിശ്യാവിഷ്കാരങ്ങളും എഴുത്തുകളും അവനു ഒരു പായാരക്കാരന്റെ വേഷം ചാര്‍ത്തിക്കൊടുക്കുക വഴി സ്വയം വിടരാനുള്ള ഊര്‍ജ്ജമല്ല, സ്വയം ഉള്‍വലിഞൊതുങ്ങാനുള്ള കംബിളിയാണ് ഒരുക്കിയത്. ഈ വേഷത്തെ സ്വയം എടുത്തണിയാന്‍ ഇഷ്ട്ടപ്പെടുന്നവരാണ്‌ ചിലരെങ്കിലും. ഇന്ന് മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും മലയാളികള്‍ ധാരാളമായി എത്തിച്ചേരുകയും കൊച്ചു കൈരളീ സമൂഹങ്ങള്‍ അവിടങ്ങളിലൊക്കെ രൂപപ്പെടുകയും ചെയ്തിട്ടും ഒറ്റപ്പെടലിന്റെ ഉല്കണ്ടകളും വിഹ്വലതകളും എഴുത്തുകളിലും ഹോം ഫിലിമുകളിലുമൊക്കെ ‍ ആവര്‍ത്തിക്കുകയും നിസ്സയായതയുടെ "കംഫര്‍ട്ട് സോണില്"‍ പതം പറഞ്ഞിരിക്കുന്ന രീതി തുടരുകയും ചെയ്യുകയാണോ പ്രവാസികളെന്ന് പരിശോധിക്കുന്നത്‌  നന്നാവും 
 
സുഖകരമല്ലാത്ത ചുറ്റുപാടുകളില്‍ ഒറ്റപ്പെട്ടു ജോലിചെയ്യേണ്ടി വരുന്നവരെക്കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, പരിമിതികലുമായി പൊരുത്തപ്പെടാന്‍ പ്രേരിപ്പിക്കുന്ന ചുരുക്കം ഇടപെടലുകള്‍ ഓണലൈന്‍ കൂട്ടായ്മകളില്‍ നിന്നും ബ്ലോഗ്ഗിടങ്ങളില്‍ നിന്നുണ്ടാവുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയം പോലുള്ള ജീവല്‍ പ്രശ്നങ്ങളെ ഓണലൈന്‍ എഴുത്തിടങ്ങളില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്തിയത് പ്രവാസികളാണെന്നു പറയാം.
പ്രാവാസിയുടെ വിലാപങ്ങള്‍ മാത്രം നിഴലിക്കുന്ന സൃഷ്ട്ടികളുടെ ആവര്‍ത്തനം ‍ അസ്വസ്ഥമായ ആലസ്യത്തെയാവും ഉള്പാദിപ്പിക്കുകയെന്നതിനാല്‍ മറുനാടന്‍ ജീവിതത്തിലെ വൈവിദ്യങ്ങളെയും പുതിയ കാഴ്ചകളെയും ഉണര്വ്വുകളെയും കൂടി ഉള്‍ക്കൊള്ളുന്ന ആവിഷ്ക്കരങ്ങളാണിനി പ്രവാസത്തെ അടയാളപ്പെടുത്താനുചിതമാവുക.   വ്യത്യസ്ത സംസ്കാരവും ഭാഷയും ആചാരങ്ങളും പെരുമാറ്റ രീതികളുമൊക്കെ കൊണ്ടു നടക്കുന്നവര്‍ പരസ്പരം ഇടകലര്‍ന്നു ഇടപെടുന്ന പ്രവാസലോകത്തിന്റെ വിശേഷങ്ങളെയും സാംസ്കാരിക വിനിമയത്തിന്റെ അതിശയ ചിത്രങ്ങളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന ബാബു ഭരദ്വാജിന്‍റെ "പ്രവാസിയുടെ കുറിപ്പുകള്‍" ഊഷ്മളമായ ഒരു വായനാനുഭവമാണ് നല്‍കുന്നത്. പുതിയ ആവിഷ്കാരങ്ങള്‍ക്ക് ഇത്തരം വായനാനുഭാവങ്ങളില്‍ നിന്ന് വളര്‍ച്ചയുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളാനാവും. അപ്പോള്‍, മഴയും വയലും മലകളും അരുവികളുമെല്ലാം ഭാവനാ സൌകുമാര്യത്തിന്റെ തേരിലേറി ഓര്‍മ്മകളില്‍ മേയുമ്പോഴും മണല്‍ നാട്ടിലെ പുതിയ വ്യവഹാര വഴികളിലെ കാഴ്ചകളിലും നമുക്ക് സ്വയം ചേര്‍ത്തു വെക്കാനാവും.
 
മരുഭൂമിയുടെ വിജനതയില്‍ മനുഷ്യ ജീവികളുമായോ സ്വന്തം ഭാഷയുമായോ സംബര്‍ക്കമില്ലാതെ ആടുകളോടൊപ്പം കഴിയേണ്ടി വരുന്നവന്റെ പൊള്ളുന്ന ജീവിതം വരച്ചു കാണിക്കുന്ന ബെന്യാമീന്റെ "ആടു ജീവിതം" ചില സൃഷ്ട്ടിപരമായ ഊര്‍ജ്ജം കൂടി പ്രസരിപ്പിക്കുന്നുവെന്നു കാണാനാവും. ഒരു പക്ഷെ, ചില അനിവാര്യമായ പൊരുത്തപ്പെടലുകളെ പ്രവാസം ആവശ്യപ്പെടുന്നുണ്ട് എന്ന വസ്തുത നജീബ് എന്ന കഥാപാത്രം ഉള്‍ക്കൊള്ളുന്നുവെന്നത് കൊണ്ടാവാം ദൈന്യതകള്‍ക്കിടയിലും ജീവിതത്തില്‍ പ്രതീക്ഷയുള്ളവനും പ്രതിസന്ധികളോട് സമരം ചെയ്യാന്‍ തയാറുള്ളവനുമാണ് നജീബ്. വിശപ്പും ദാഹവും വേദനകളും മാത്രമല്ല ഒറ്റപ്പെടുന്നവന്‍ അനുഭവിക്കുന്ന ആത്മാവിഷ്കാരത്തിന് വേണ്ടിയുള്ള വിങ്ങലും നജീബില്‍ കാണാം. ആടുകള്‍ മാത്രമുള്ള തന്‍റെ പുതിയ ലോകത്ത് തന്നോട് ചങ്ങാത്തമുള്ള ആടുകള്‍ക്ക് തന്‍റെ ഭാര്യയുടെയും മകന്റെയും സുഹൃത്തിന്റെയും അയല്‍വാസിയുടെയുമെല്ലാം പേരുകള്‍ പതിച്ചുനല്‍കിക്കൊണ്ട് സ്വദേശത്തു തനിക്കു ചുറ്റുമുണ്ടായിരുന്ന ഒരു കൊച്ചു സമൂഹത്തെ പുനസ്രിഷ്ട്ടിക്കുകയും തന്‍റെ സ്വാഭാവികമായ ഇടപെടലുകളെ സര്‍ഗ്ഗാത്മകമായി സാദ്യമാക്കുകയും ചെയ്യുന്നു ഈ കഥാപാത്രം. 
 
ഗള്‍ഫിലെ വീട്ടു വേലക്കാരിയുടെ കഥ പറയുന്ന ''ഗദ്ദാമ' എന്ന കമല്‍ ചിത്രം വിലാപങ്ങളെയും ദൈന്യതകളെയും പീഡനങ്ങളെയും വിപണനം ചെയ്തു കൊണ്ടാണ് കടന്നു പോകുന്നതെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെ സാമൂഹ്യ ഇടപെടലുകളുടെ പ്രസകതിയെക്കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഊഷ്മളമായ സാംസ്കാരിക വിനിമയത്തിന്റെ ഗുണപരമായ സാധ്യതകളെ വേണ്ടത്ത്ര ഫോക്കസ് ചെയ്യാതെയും വികലമായ ചില ‍ധാരണകളെ സ്റ്റീരിയോടൈപ്പ്‌ ചെയ്തു കൊണ്ടുമാണ് ചിത്രം പൂര്‍ത്തിയാവുന്നത്. "ഗര്‍ഷോം" അടക്കമുള്ള മികച്ച സിനിമകളും മറ്റ് ഒട്ടേറെ എഴുത്തുകളുമെല്ലാം പ്രവാസത്തെ പല കാഴ്ചകളായി അവതരിപ്പിക്കുന്നുണ്ട് . 

1933 ല്‍  ഹോളണ്ടിലേക്ക് ‌ കുടിയേറിപ്പാര്‍ക്കേണ്ടി വന്ന ആന്‍ ഫ്രാങ്ക് എന്ന ജര്‍മ്മന്‍ യഹൂദപ്പെണ്‍കുട്ടി തന്‍റെ നിരീക്ഷണങ്ങളെയും ആശങ്കകളെയും ചിന്തകളെയും അസ്വസ്ഥതകളെയുമെല്ലാം തുറന്നു വിട്ടത് കിറ്റി എന്ന്‌ പേരിട്ട തന്‍റെ ഡയറിയിലേക്കായിരുന്നു. ( "ആന്‍ ഫ്രാങ്കിന്റെ ഡയരിക്കുറിപ്പുകള്"‍ - 1947 ) അവള്‍ക്കു കിറ്റി ഒരു ഡയറി മാത്രമായിരുന്നില്ല തന്നെ പൂര്‍ണമായും കേള്‍ക്കാന്‍ തയാറുള്ള ഒരു ആത്മസുഹൃത്തു കൂടിയിരുന്നു.  ഹിറ്റ്ലറിന്റെ സൈന്യം ‍അഴിച്ചുവിട്ട യുദ്ദ ഭീകരതയുടെ ദുരന്ത മുഖത്തു നിന്നുപോലും ധീരമായും ഭാവനാത്മകമായുമാണ് ഈ കൌമാരക്കാരി ജീവിതത്തെ എഴുതിവെച്ചത്. തന്‍റെ കാലത്തെയും പ്രവാസത്തെയും അടയാളപ്പെടുത്താന്‍  വേദനകളേയും വേവലാതികളെയും മാത്രമല്ല ആന് കുറിച്ച് വെച്ചത്; തിരസ്ക്രിതരുടെ പുതിയ പ്രതീക്ഷകളെയും സ്വയം ഉണര്ത്തലുകളെയും തനിക്കു ചുറ്റുമുള്ള സൌഹൃദബന്ധങ്ങളെയും ജീവിതാവസ്ഥകളേയുമൊക്കെയായിരുന്നു.
അറബികളുമായുള്ള കടല്‍ വാണിജ്യ ബന്ധങ്ങളുടെ തുടര്‍ച്ചയില്‍ രൂപപ്പെട്ട അറബി-മലയാളവും മോയിന്‍കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടുകളും അറബ് രാജ്യങ്ങളുമായുള്ള കുടിയേറ്റ ബന്ധങ്ങളുമെല്ലാം പ്രവാസത്തിന്റെ വിശേഷങ്ങളോടൊപ്പം ചേര്‍ത്തു പറയേണ്ടവയാണ്. 
 
നാം നമ്മുടെ സ്വത്വത്തെ സ്ഥാപിച്ചു വെച്ച ഇടങ്ങളില്‍ നിന്നും മതിലുകളില്ലാത്ത മനുഷ്യ സമ്പര്‍ക്കത്തിന്റെ ആഗോള തലങ്ങളിലേക്ക് വിശാലതയോടെ കടന്നു ചെല്ലാനും നമ്മുടേതായ സാംസ്കാരിക ബോധത്തില് നിന്നു കൊണ്ട് തന്നെ പുതിയ വ്യവഹാര ഭൂമികയിലെ വൈവിദ്യങ്ങളെ ഗുണപരമായി ഉള്‍ക്കൊള്ളാനും കഴിയുന്ന മാനസികാവസ്ഥയെ പരുവപ്പെടുത്താന്‍ പ്രവാസം നിമിത്തമാവുന്നുണ്ട്. ഒപ്പം, ‍ തൊഴില്‍ കേന്ദ്രീകൃതമായ പ്രവാസ ജീവിതത്തിന്‍റെ യാന്ത്രികതയും അനിശ്ചിതത്വവും വ്യക്തികളിലെ സമരോല്സുകതയെ തണുപ്പിച്ചു നിര്‍ത്തുകയും സമരസപ്പെടലിന്റെ സൌകര്യത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ തന്നെ, ഓരോ വ്യക്തിയുടെയും സാമൂഹ്യ ബോധവും സഹജമായ ചൈതന്യവും സര്‍ഗ്ഗാത്മക ഊര്‍ജ്ജവുമെല്ലാം താന്‍ ജീവിക്കുന്ന പ്രവാസ ചുറ്റുപാടിലേക്ക് കൂടി, തന്‍റെ നാടിനെ ക്കുറിച്ചുള്ള ചിന്തകളിലേക്ക് കൂടി പ്രസരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തു കാട്ടുന്ന, സക്രിയമായ ഒരു പ്രവാസി സമൂഹത്തെ പരുവപ്പെടുത്താന്‍ ഉതകുന്ന എഴുത്തുകളും മറ്റ് ആവിഷ്കാരങ്ങളും ഇനിയും രൂപപ്പെണ്ടതായുണ്ട്.പരിമിതികള്‍ക്കിടയിലുള്ള വിശാലതയില്‍ നിന്നും പിറവിയെടുക്കുന്ന ആവിഷ്ക്കാരങ്ങളാവും ഇനി പ്രവാസത്തിന്റെ ബഹുമുഖങ്ങളെ അടയാളപ്പെടുത്താനനുഗുണമാവുക.